Kerala
കോഴിക്കോട്: ഭൂട്ടാനില്‍നിന്നു സൈനികവാഹനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയ കേസില്‍ ഭൂരിഭാഗം വാഹനങ്ങളും കേരളത്തില്‍ ‘അപ്രത്യക്ഷമായതായി’ കസ്റ്റംസ്.
വാഹനങ്ങള്‍ കെവശമുള്ളവര് അത് ഒളിപ്പിക്കുകയോ കേരളത്തിനു പുറത്തേക്കു മാറ്റുകയോ ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം.
140ലധികം ഭൂട്ടാന് വാഹനങ്ങള്‍ സംസ്ഥാനത്തുനിന്ന് ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കസ്റ്റംസിന്റെ ഓപ്പറേഷൻ നുമ്ഖോർ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽനിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കഴിഞ്ഞ ദിവസം ഒരു ആഡംബര കാർകൂടി കസ്റ്റംസ് പ്രിവന്റിവ് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് മുക്കത്തുനിന്നാണു വാഹനം പിടികൂടിയത്. ഇതുൾപ്പെടെ നാല്പതോളം വാഹനങ്ങളാണു സംസ്ഥാനത്തുടനീളം ഇതുവരെ പിടിച്ചെടുത്തത്.
അതേസമയം, ഇരുനൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇവ കണ്ടെത്താൻ മോട്ടർ വാഹനവകുപ്പടക്കം മറ്റ് ഏജൻസികളുടെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകളുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.
District News
കൊല്ലം: നഗരത്തിലെ ഓട്ടോറിക്ഷകൾ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നു എന്ന പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മഫ്തിയിൽ വ്യാപക പരിശോധന നടത്തി.
കൊല്ലം ആർടിഒ ഓഫീസ് പരിധിയിലെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന. റെയിൽവേ സ്റ്റേഷൻ, രണ്ടാംകുറ്റി, കെഎസ്ആർടിസി, ഫാത്തിമ കോളജ്, കളക്ടറേറ്റ് എന്നീ പ്രധാന സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു ഉദ്യോഗസ്ഥർ യാത്രക്കാരായി ഓട്ടോകളെ സമീപിച്ചത്.
പരിശോധനയിൽ മിക്ക ഡ്രൈവർമാരും മീറ്റർ ഇടാതെ അമിതകൂലി ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു. രണ്ടാംകുറ്റി സ്റ്റാൻഡിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള യാത്രയ്ക്ക് ഒരു ഡ്രൈവർ 150 രൂപയാണ് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ നിയമലംഘനം നടത്തിയ ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു.
അതേസമയം, ഫാത്തിമ കോളജിൽ നിന്ന് യാത്ര വിളിച്ച ഉദ്യോഗസ്ഥരോട് കൃത്യമായി മീറ്ററിട്ട് മാതൃകാപരമായി സർവീസ് നടത്തിയ ഡ്രൈവർ സന്തോഷ് കുമാറിനെ ഉദ്യോഗസ്ഥ സംഘം അഭിനന്ദിച്ചു.ജോയിന്റ് ആർടിഒ ശരത്ചന്ദ്രൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.സൂരജ് , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാംജിത്ത്, മഞ്ജു, ഷബീർ അലി, അനൂപ്, വിനേഷ് കുമാർ, സതീഷ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിലും പൊതുജനങ്ങളുടെ സുരക്ഷയും ന്യായമായ യാത്രാനിരക്കും ഉറപ്പുവരുത്താൻ പരിശോധനകൾ കർശനമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
District News
പേരാമ്പ്ര: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ കാറിന്റെ ഉടമക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും. കാറിന്റെ ആര്‍സി സസ്പെന്‍ഡ് ചെയ്യുമെന്നും ഉടമയ്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
16കാരനാണ് കാര്‍ ഓടിച്ചത്. ഡ്രൈവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വാഹനഉടമയ്ക്കെതിരേയാണ് കടുത്ത നടപടി ഉണ്ടാവുക. ബുധനാഴ്ചയാണ് നടപടിക്കാധാരമായ സംഭവം. ഗ്രൗണ്ടിലുണ്ടായിരുന്ന കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. ഗ്രൗണ്ടില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്‍ അപകടകരമായ രീതിയില്‍ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടത്.
District News
തോമസ്കുട്ടി ചാലിയാർ
നിലമ്പൂർ:ഒന്നര പതിറ്റാണ്ടായിട്ടും മോട്ടോർ വാഹനവകുപ്പിന്റെ അനുമതി ലഭിക്കാതായതോടെ അകന്പാടം ബസ് സ്റ്റാൻഡ് സ്ഥലം ഉടമക്ക് തിരിച്ച് നൽകാൻ മന്ത്രിയുടെ ഉത്തരവ്. ചാലിയാർ ഗ്രാമപഞ്ചായത്ത് അകന്പാടത്ത് നിർമിച്ച ബസ് സ്റ്റാൻഡ് ആണ് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും നിർമാണത്തിലെ അപാകത കാരണവും ചട്ടങ്ങൾ പാലിക്കാതെയും നിർമിച്ചതിനാൽ മോട്ടോർ വാഹന വകുപ്പ് എൻഒസി നൽകാത്തത്. തുടർന്ന് ബസ് സ്റ്റാൻഡിന് സ്ഥലം നൽകിയ വ്യക്തിക്ക് തന്നെ സ്റ്റാൻഡ് നിലനിൽക്കുന്ന സ്ഥലം തിരിച്ചു നൽകാൻ തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉത്തരവ് നൽകി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിന്റെ ബസ് സ്റ്റാൻഡ്, സ്ഥലം നൽകിയ വ്യക്തിക്ക് തന്നെ തിരിച്ചു നൽകുന്ന അപൂർവ ഉത്തരവിന് ചാലിയാർ ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുന്നത്. ചാലിയാർ പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായ അകന്പാടത്ത് ബസ് സ്റ്റാൻഡ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാണ് എരഞ്ഞിമങ്ങാട് സ്വദേശിയായ നാലകത്ത് മുഹമ്മദ് എന്ന ചെറിയാപ്പു 23 സെന്റ് സ്ഥലം പാട്ടവ്യവസ്ഥയിൽ നൽകിയത്. കൂടാതെ ബസ് സ്റ്റാൻഡിലേക്ക് റോഡ് നിർമിക്കുന്നതിനും ബസ് സ്റ്റാൻഡ് കോംപ്ലക്സിനുമായി 13 സെന്റ് സ്ഥലം സൗജന്യമായും നൽകി.
2005 - 2010 കാലയളവിലെ പഞ്ചായത്ത് ഭരണസമിതി ഇതിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ് നിർമിക്കുകയും സ്റ്റാൻഡിലേക്ക് റോഡ് നിർമിക്കുകയും യാത്രക്കാർക്ക് ഇരിപ്പടങ്ങളും ഒരുക്കി. പക്ഷേ സ്റ്റാൻഡിലേക്ക് ബസ് കയറുന്ന റോഡിലൂടെ തന്നെ തിരിച്ചു പോകേണ്ട അവസ്ഥയായി. ഇതോടെ മോട്ടോർ വാഹന വകുപ്പ് ഈ സ്റ്റാൻഡിന് അനുമതി നിഷേധിച്ചു.
തുടർന്ന് 2010 - 2015 കാലത്തെ ഭരണ സമിതി ഇടപെട്ട് സ്ഥലം ഉടമക്ക് പാട്ടവ്യവസ്ഥ പ്രകാരം മാസം 2500 രൂപ പ്രകാരമുള്ള തുക നൽകി. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ ചട്ടങ്ങൾ പാലിക്കാത്ത സ്റ്റാൻഡിന് സ്റ്റാൻഡ് ഫീ നൽകാൻ കഴിയില്ലെന്നും അതിനാൽ അന്നത്തെ ഭരണ സമിതിയോട് തുക തിരിച്ചു നൽകാൻ ഉത്തരവ് വന്നു. സ്ഥലം ഉടമക്ക് സ്റ്റാൻഡ് ഫീയിനത്തിൽ നൽകിയ തുക അന്നത്തെ ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഈടാക്കി.
ഇതോടെ സ്ഥലം ഉടമക്കുള്ള ഫീസ് മുടങ്ങി 15 വർഷമായിട്ടും പഞ്ചായത്ത് പാട്ട കരാർ പാലിക്കാത്തതും സ്റ്റാൻഡ് ഫീ ലഭിക്കാത്തതും സ്ഥലം ഉടമ, വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ. ശ്രദ്ധയിൽപ്പടുത്തിയതോടെയാണ് സ്ഥലം ഉടമക്ക് ബസ് സ്റ്റാൻഡ് തിരിച്ച് നൽകാൻ മന്ത്രി നിർദേശിച്ചത്.
ഉടമ ഈ സ്ഥലം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അന്ന് സ്ഥലം ഉടമ സൗജന്യമായി നൽകിയ മൂന്ന് സെന്റിൽ ഗ്രാമപഞ്ചായത്ത് റോഡ് നിർമിച്ചിട്ടുണ്ട്. ഈ റോഡിന്റെ ടാറിംഗ് പ്രവൃത്തിക്ക് ചെലവായ തുക സ്ഥലം ഉടമ പഞ്ചായത്തിൽ അടക്കണം. പകരം മുടങ്ങി കിടക്കുന്ന സ്റ്റാൻഡ് ഫീ സ്ഥലം ഉടമക്ക് കാലതാമസം കൂടാതെ പഞ്ചായത്ത് നൽകുകയും വേണം. അതേസമയം സ്റ്റാൻഡ് മുന്നിൽ കണ്ട് ഗ്രാമപഞ്ചായത്ത് സ്ഥലം ഉടമ സൗജന്യമായി നൽകിയ സ്ഥലത്ത് പണിത കോംപ്ലക്സിലെ മുറികൾ വാടകക്കെടുത്ത വ്യാപാരികൾ പ്രതിസന്ധിയിലാണ്.